ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ ഭാഗമായി ആർട്ടെമിസ്-1 അതിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ സമുച്ചയത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കാൻ രൂപകൽപ്പന ചെയ്ത ഓറിയോൺ ബഹിരാകാശ പേടകം ബഹിരാകാശ വിക്ഷേപണ സംവിധാന റോക്കറ്റിലാണ് വിക്ഷേപിച്ചത്.
വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റിന് ശേഷം, കോർ സ്റ്റേജ് എഞ്ചിനുകൾ ഓഫ് ചെയ്ത് റോക്കറ്റിൽ നിന്ന് വേർപെട്ടു. ഇതോടെ, ഓറിയോൺ ബഹിരാകാശ പേടകം ഇന്ററിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജിൽ (ഐസിപിഎസ്) പ്രവേശിച്ചു. ഓറിയോൺ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തി.
നേരത്തെ, എഞ്ചിൻ തകരാർ കാരണം ആർട്ടെമിസ് -1 വിക്ഷേപണം നിരവധി തവണ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് ശേഷം എസ്എൽഎസ് റോക്കറ്റും ബഹിരാകാശ പേടകവും കഴിഞ്ഞയാഴ്ച വിക്ഷേപണ പാഡിലേക്ക് കൊണ്ടുവന്നു. നവംബർ 14നാണ് വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എന്നാൽ, ചുഴലിക്കാറ്റ് ഭീതി കാരണം ഇത് വീണ്ടും വൈകി.