വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം തേടി. എന്നാൽ റഷ്യ അയച്ച മിസൈലുകളല്ല പോളണ്ടിൽ പതിച്ചതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, റഷ്യൻ മിസൈലാണ് പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തള്ളിക്കളഞ്ഞിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ, മിസൈൽ ആക്രമണത്തിന് ശേഷം ഉച്ചകോടിയിൽ പങ്കെടുത്ത നാറ്റോ അംഗരാജ്യങ്ങളിലെയും ജപ്പാനിലെയും നേതാക്കളുമായി അടിയന്തര ചർച്ചകൾ നടത്തി. ഇതിന് പിന്നാലെയാണ് സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലല്ലെന്ന് അദ്ദേഹം പറഞ്ഞത്.
പോളണ്ട് പ്രസിഡന്റും ആന്ദ്രേയ് ദൂദയും, പതിച്ചത് റഷ്യൻ മിസൈലാണെന്ന് ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. റഷ്യൻ നിർമിത മിസൈലാകാൻ സാധ്യതയുണ്ടെന്നായിരുന്നു പരാമർശം.