Spread the love

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് 76കാരനായ ട്രംപ്.

“അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു” ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് ഫെഡറൽ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. മുമ്പ് ട്രംപുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ബ്രാഡ്‌ലി ക്രെയ്റ്റാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. യുഎസ് ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം.

By newsten