ഇന്ദോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇന്ദോറിലെ സ്വർണ്ണബാഗ് കോളനിയിൽ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബിൽ നോക്കി വനമേഖലയിൽ നിന്നുള്ള പ്രത്യേക ഫലം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ധർമേന്ദ്ര. ഇതിനിടയിൽ, അദ്ദേഹം ഒരു അപകടത്തിൽ പെടുകയും കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. പലയിടത്തും ചികിത്സ തേടിയെങ്കിലും കൈവേദന മാറിയില്ല. തുടർന്ന് യൂട്യൂബിൽ നോക്കി മരുന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു. കാട്ടിൽ കാണുന്ന ചില പഴങ്ങൾ പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കിയാൽ വേദന മാറുമെന്ന് യൂട്യൂബിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാൾ ഇവ ശേഖരിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജ്യൂസ് കുടിച്ച ശേഷം വയറിളക്കവും ഛർദ്ദിയും ഉണ്ടായി. ധർമ്മേന്ദ്രയെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഇന്ദോറിലാണ് ഇയാൾ താമസിച്ചിരുന്നത്. ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.