തിരുവനന്തപുരം: അടുത്ത വർഷത്തെ ഒഴിവുകൾ നവംബർ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ആണ് ഈ മാസത്തിനകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഒഴിവുകൾ നവംബർ 30നകം പി.എസ്.സിയെ അറിയിക്കുകയും തുടർന്ന് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും ഡിസംബർ ഒന്നിനകം റിപ്പോർട്ട് ചെയ്യുകയും വേണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ‘ഒഴിവുകളില്ല’ എന്നും അറിയിക്കണം. വകുപ്പിലും തങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങളിലും പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്ന് വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കണം.
സംസ്ഥാനതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ വകുപ്പ് അധ്യക്ഷനായിരിക്കണം റിപ്പോർട്ട് ചെയ്യേണ്ടത്. ജില്ലാതല തിരഞ്ഞെടുപ്പ് നടക്കുന്ന തസ്തികയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ വിരമിക്കുന്ന സമയത്ത്, ഏത് ജില്ലയിലാണ് എൻട്രി കേഡർ തസ്തികയിൽ ഒഴിവുണ്ടാകുകയെന്ന് കണക്കാക്കി വകുപ്പ് മേധാവി ജില്ലാ ഓഫീസറെ അറിയിക്കണം. ജില്ലാ ഓഫീസർ ഇക്കാര്യം പി.എസ്.സിയെ അറിയിക്കണം.