തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി.ജെ.പി-ആർ.എസ്.എസ് ഇടപെടൽ അനുവദിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും നയപരമായ പ്രശ്നമാണെന്നും അതിനെച്ചൊല്ലിയുള്ള പോരാട്ടമാണെന്നും യെച്ചൂരി പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ട ഗവർണർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. ഇതൊരു നയപരമായ പ്രശ്നമാണ്, വ്യക്തിപരമായ പ്രശ്നമല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 30 വർഷത്തിലേറെയായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനിടയിൽ, വ്യക്തിപരമായി അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കാനാണ് സമരമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലേത് പോലെ തമിഴ്നാട്ടിലും ഈ പ്രശ്നമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചതിന്റെ ഫലമായി അവർക്ക് അവിടെ ഒരു പുതിയ നിയമം പാസാക്കേണ്ടിവന്നു. ബംഗാളിലും സമാനമായ സാഹചര്യമായിരുന്നു. അവിടെ അവർ ചാൻസലറെ മാറ്റാൻ തീരുമാനിച്ചു. തെലങ്കാനയിൽ നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടായി. മഹാരാഷ്ട്രയിലെ സ്ഥിതിയും സമാനമാണ്. ഭരണഘടനാപരമായ പദവിയാണെന്ന് തിരിച്ചറിയാതെ കേന്ദ്രത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ഗവർണർമാർ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും അതുകൊണ്ടാണ് ഇതൊരു നയപരമായ പ്രശ്നമാണെന്ന് പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.