തൊടുപുഴ: തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ സ്ഥിരം യാത്രക്കാരായിരുന്ന വൃദ്ധദമ്പതികളെ തുടർച്ചയായി രണ്ട് ദിവസം കാണാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയ ബസ് ജീവനക്കാർ അന്നാണ് അവരുടെ ദുരിതജീവിതം മനസ്സിലാക്കുന്നത്. കാൻസർ ബാധിതരായ ദമ്പതികളുടെ ചികിത്സക്ക് വേണ്ട സാമ്പത്തികസഹായം ഏറ്റെടുത്തിരിക്കുകയാണ് ഡ്രൈവർ ജയൻ തോമസും,കണ്ടക്ടർ റിൻസ് ജോണും.
ബസുടമയുടയും ,സ്ഥിരംയാത്രക്കാരും സഹായമായുണ്ടാവുമെന്നും,ബസിൽ കയറുന്ന മറ്റ് യാത്രക്കാരെയും ഇതിൽ പങ്കെടുപ്പിക്കുമെന്നും ജീവനക്കാർ അറിയിച്ചു. ആദ്യം സഹായം ദമ്പതികൾ നിക്ഷേധിച്ചെങ്കിലും ഇരുവരുടെയും പേര് പരസ്യപ്പെടുത്താതെ മുന്നോട്ടു പോകാനാണ് ജീവനക്കാരുടെ തീരുമാനം.
ബ്ലൂഹിൽ എന്ന വാട്സാപ്പ് കൂട്ടായ്മയിൽ കാര്യം അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് യാത്രക്കാരുടെ സീറ്റിന് മുന്നിലായി ഒരു കുടുക്കയും സ്ഥാപിച്ചു. റിൻസാണ് ഓരോ യാത്രക്കാരോടും ചികിത്സാ സഹായത്തെക്കുറിച്ച് പറയുന്നത്.ഓരോ ദിവസവും ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ മാസം 20 ന് ദമ്പതികൾക്ക് ഈ തുക കൈമാറും. കീമോതെറാപ്പി മൂലം അവശനായ ഭർത്താവിന് വേണ്ടി തൊടുപുഴയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഭാര്യ ജോലിക്കെത്തുന്നുണ്ട്. ഇവർക്കായ് സൗജന്യ യാത്രയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ ട്രിപ്പ് അവസാനിക്കുമ്പോഴും അവരെ രണ്ട് കിലോമീറ്റർ അകലെയുള്ള ജോലിസ്ഥാപനത്തിലേക്കും ജീവനക്കാർ എത്തിക്കുന്നു.