കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വി.സി നിയമനത്തെച്ചൊല്ലി ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെയുള്ള ഹൈക്കോടതി വിധി നിർണായകമാണ്.
ഡോ.കെ.റിജി ജോണിനെ കുഫോസിന്‍റെ വി.സിയായി നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ഹർജിക്കാർ വാദിച്ചു. എറണാകുളം സ്വദേശി ഡോ.കെ.കെ.വിജയനാണ് ഹർജി നൽകിയത്. സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്ന യു.ജി.സി മാനദണ്ഡപ്രകാരം റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള പിഎച്ച്ഡി കാലയളവോടെയാണ് റിജി ജോൺ അപേക്ഷ നൽകിയതെന്നും ഹർജിക്കാർ പറഞ്ഞു.