മുംബൈ: ജോലിക്ക് പോകുന്നതിനിടെ റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം.
ഡ്യൂട്ടി സ്ഥലത്തേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് വഴിയിലെ ബ്ലോക്ക് കണ്ട് ഉടനെ തന്നെ അദ്ദേഹം സ്പെഷ്യൽ ഡ്യൂട്ടി ഏറ്റെടുത്തത്. തോളിൽ ബാഗുമായി അനായാസം ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു സ്വകാര്യ മരുന്ന് നിർമാണകമ്പനിയുടെ ഡയറക്ടർ പ്രഭാത് സിൻഹ ട്വിറ്ററിൽ പങ്കു വെക്കുകയായിരുന്നു.
ചിത്രം റീ ട്വീറ്റ് ചെയ്ത് മുംബൈ ട്രാഫിക് പൊലീസും രംഗത്തെത്തി.ഘട്കോപ്പർ വെസ്റ്റിലെ ഗതാഗതകുരുക്കാണ് അദ്ദേഹം പരിഹരിച്ചത്. ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്ന പൊലീസിന്റെ ചിത്രം വളരെ വ്യക്തമാണ്. തന്നെ ഏൽപ്പിച്ച സ്ഥലത്തെ ജോലി മാത്രമേ ചെയ്യൂ എന്ന മനോഭാവമില്ലാതെ, അധികജോലി ചെയ്യാൻ മനസ്സ് കാണിച്ച ഉദ്യോഗസ്ഥൻ ഏവർക്കും മാതൃകയാണ്. ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കുന്ന ഫുഡ് ഡെലിവറി ബോയുടെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.