ഗുവാഹട്ടി: ദൈവത്തിന്റെ നാമത്തിൽ എല്ലാവരെയും കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരു അഭിഭാഷകൻ ഗുവാഹട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. നിരീശ്വരവാദിയെയോ അവിശ്വാസിയെയോ ദൈവനാമത്തിൽ കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിനെതിരെ അഭിഭാഷകൻ ഫസ്ലുസ്സമാന്‍ മസുംദാറാണ് ഹർജി നൽകിയത്.
1969 ലെ ‘ഓത്ത് ആക്ട്’ പ്രകാരം കോടതികളിൽ തുടരുന്ന ഈ സമ്പ്രദായം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന പുരോഗമനപരവും ശാസ്ത്രീയവുമായ ചിന്തയ്ക്ക് തടസ്സമാണെന്ന് ഹർജിയിൽ പറയുന്നു.
ഒരു വ്യക്തിക്ക് കോടതിയിൽ എന്തെങ്കിലും സമർപ്പിക്കാനുണ്ടെങ്കിൽ, അയാൾ ദൈവത്തിന്റെ നാമത്തിൽ പ്രതിജ്ഞയെടുക്കണമെന്ന് നിയമത്തിലെ ഫോം 1, സെക്ഷൻ 6 എന്നിവ നിഷ്കർഷിക്കുന്നതായി മസുംദാര്‍ തന്റെ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 വിശ്വാസികളുടെയും അവിശ്വാസികളുടെയും അവകാശങ്ങൾക്ക് തുല്യ സംരക്ഷണം നൽകുന്നതിനാൽ നിരീശ്വരവാദിയായ ഒരാൾ ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കേണ്ട ആവശ്യമുണ്ടോയെന്നും ഹർജിയിൽ ചോദിക്കുന്നു.
തന്റെ വ്യക്തി ജീവിതത്തിൽ മതപരമായ ആചാരങ്ങളൊന്നും പിന്തുടരുന്നില്ലെന്നും അതിനാൽ ഒരു ദൈവമുണ്ടെന്ന് കരുതുന്നില്ലെന്നും മസുംദാര്‍ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഏതെങ്കിലും മതത്തിലോ അമാനുഷിക ശക്തിയിലോ വിശ്വസിക്കാതിരിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.