ന്യൂഡൽഹി: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. സാധാരണ ഗതിയിൽ ഒരു ഓർഡിനൻസ് മന്ത്രിസഭ പാസാക്കിയതിന്റെ പിറ്റേന്ന് തന്നെ എത്തിക്കാറുണ്ട്. ഇത്തവണ മൂന്നാം ദിവസമാണ് ഫയൽ കൈമാറിയത്. ഡൽഹിയിലെത്തിയ ഗവർണർ ഇനി 20ന് മടങ്ങിയെത്തും.
ഗവർണർ എന്ത് തീരുമാനമെടുത്താലും അതേ ഓർഡിനൻസ് ബിൽ അടുത്ത മാസം ആദ്യം നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കെ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമപ്രശ്നം ഉയർന്നിട്ടുണ്ട്. കേരളത്തിൽ മുമ്പൊരിക്കലും ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.