ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കെൻസ്റ്റോക്ക് ചെരിപ്പുകൾ ലേലത്തിന് വച്ചു. ആപ്പിളിന്‍റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പ് ധരിച്ചിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് എന്ന സ്ഥാപനമാണ് ചെരുപ്പ് ലേലത്തിന് വച്ചത്. 60,000 ഡോളറിനും 80,000 ഡോളറിനും ഇടയിലായിരിക്കും ഷൂസിന്‍റെ വിലയെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതായത് ഏകദേശം 65 ലക്ഷം ഇന്ത്യൻ രൂപ. എന്നാൽ ലേലത്തിനായി ഇതുവരെ ലഭിച്ച ബിഡ്ഡുകൾ വളരെ കുറവാണ്. ഇതുവരെ 22,500 ഡോളർ വരെ മൂല്യമുള്ള ബിഡ്ഡുകൾ മാത്രമാണ് ലഭിച്ചത്.
സ്റ്റീവ് ജോബ്സ് 1970 കളിലും 80 കളിലും ഈ ഷൂസ് ധരിച്ചിരുന്നു. കാലിഫോർണിയയിൽ ജോബ്സിന്‍റെ സ്വത്ത് കൈകാര്യം ചെയ്തിരുന്ന മാർക്ക് ഷെഫിന്‍റെ കൈകളിലായിരുന്നു തവിട്ട് നിറത്തിലുള്ള സ്വീഡ് ചെരിപ്പുകൾ. സ്റ്റീവ് ജോബ്സ് അവ ഉപേക്ഷിച്ചപ്പോൾ താൻ ഈ ഷൂസ് സൂക്ഷിച്ചുവെന്ന് ഷെഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി എക്സിബിഷനുകളിൽ സ്റ്റീവ് ജോബ്സിന്‍റെ ഷൂസ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയത് വൂർട്ടെംബർഗിലെ ജർമ്മനിയിലെ ചരിത്ര മ്യൂസിയത്തിലാണ്.