Nedumangadu: പാഠപുസ്തകത്തിലെ അറിവിനൊപ്പം കൃഷിയുടെ നന്മയും അറിയുകയാണ് ഒരു കൂട്ടം കുരുന്നുകൾ.നെടുമങ്ങാട് വെള്ളനാട് പഞ്ചായത്തിലെ കന്യാര്പാറ വാർഡിൽ ഉൾപ്പെടുന്ന ഉഴമലക്കൽ ഗവണ്മെന്റ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂൾ പരിസരത്ത് തന്നെ വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുക്കുന്നത്.
ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ആശയം വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് കുട്ടി കർഷകർ.വിഷരഹിതമായ പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നൽകുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് വെള്ളനാട് കൃഷിഭവന്റെയും, നെടുമങ്ങാട് വിദ്യാഭ്യാസ വകുപ്പിന്റെയും സമ്പൂർണ സഹകരണവുമുണ്ട്. വെള്ളനാട് കൃഷിഭവൻ അസിസ്റ്റന്റ് നിബു കുട്ടികൾക്ക് സ്കൂളിൽ കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങളൊരുക്കി നൽകുകയും ചെയ്തു.
208 പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലും മറ്റുമായി മുളക്, പടവലം, വഴുതന, തക്കാളി, പയർ,വെണ്ട മുതലായവയുടെ നൂറ്മേനി വിളവാണ് കുരുന്നു കർഷകർ കൊയ്തത്. പൂർണ്ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി രീതി. കുട്ടികളെ ഉൾപ്പെടുത്തിയുള്ള കാർഷികസേന കൃഷിക്ക് വേണ്ട പരിചരണങ്ങളും മറ്റും നൽകി വരുന്നു.