ബ്രിട്ടൻ: ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് വീണ്ടും മണിയടിക്കാൻ ഒരുങ്ങുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ലോക്ക് ടവറിൽ 2017 ഓഗസ്റ്റ് 21നാണ് ബിഗ് ബെൻ അവസാനമായി ശബ്ദിച്ചത്. 157 വർഷമായി ഓരോ മണിക്കൂറിലും മണിയടിക്കുന്ന ബിഗ് ബെന്നിന്റെ പ്രവർത്തനം 2007ലും അറ്റകുറ്റപ്പണിയുടെ ഭാഗമായി നിർത്തിവച്ചിരുന്നു.
ഒരാഴ്ചത്തെ പരിശോധനകൾക്ക് ശേഷം നവംബർ 13 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ക്ലോക്ക് വീണ്ടും മുഴങ്ങാൻ തുടങ്ങും. ഓരോ 15 മിനിറ്റിലും മണിയടി കേൾക്കാം. 2017ൽ പ്രവർത്തനം നിർത്തിയതിന് ശേഷം അഞ്ച് വർഷമായി ഈ ഘടികാരം ശബ്ദിച്ചിട്ടില്ലെങ്കിലും, 2021ലെ പുതുവർഷത്തലേന്നും യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടന്റെ നടപടിയെ അടയാളപ്പെടുത്താനും അവസാനമായി സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിനുമായി ബിഗ് ബെൻ ശബ്ദിച്ച് സാന്നിധ്യം അറിയിച്ചിരുന്നു.