Spread the love

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം താമസിച്ചാല്‍ നഷ്ടപരിഹാരം നല്‍കാൻ ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലെങ്കില്‍ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്‍റെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണ് വ്യവസ്ഥ. 15 ദിവസം കൂടി കഴിഞ്ഞാല്‍ ഇതേ രീതിയില്‍ നഷ്ടപരിഹാരത്തിന്‍റെ 0.05 ശതമാനവും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുക. ഈ തുക വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കും. സമയബന്ധിതമായും കൃത്യതയോടെയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കൃത്യമായി തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ കേരളം മുൻപന്തിയിലാണ്. ആ മികവ് തുടരാൻ ഈ നടപടി സഹായകരമാകുമെന്ന് മന്ത്രി അറിയിച്ചു.

ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയായി ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്‍റ് ഇൻഫര്‍മേഷൻ സിസ്റ്റത്തില്‍ രണ്ട് ദിവസത്തിനകം വിവരം നൽകണം. പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുള്ളില്‍ പരിശോധന ഉള്‍പ്പടെയുള്ള മറ്റ് നടപടികള്‍ നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

By newsten