കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വൈസ് ചാൻസലർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് എജി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ ഹർജിയിൽ പ്രതികരിക്കാൻ ഗവർണർ കോടതിയിൽ നിന്ന് കൂടുതൽ സമയം തേടിയിരുന്നു. ബുധനാഴ്ചയ്ക്ക് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദേശം. എല്ലാ എതിർ കക്ഷികളോടും ബുധനാഴ്ചയ്ക്ക് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം കോടതി കേസ് വിശദമായി പരിഗണിക്കും.
വൈസ് ചാൻസലറെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണ്, എന്നാൽ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരമാണ് സിസ തോമസിനെ നിയമിച്ചതെന്നാണ് സർക്കാരിന്റെ വാദം. ഗവർണറുടെ നിയമന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ്സ തോമസിനെ സർക്കാർ ശുപാർശകൾ തള്ളിയാണ് കെടിയു വൈസ് ചാൻസലറായി നിയമിച്ചത്.