കാക്കനാട്: സ്വകാര്യ വാഹനങ്ങളിൽ ‘കേരള സർക്കാർ’ ബോർഡ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമം ലംഘിച്ച് ഈ ബോർഡുകൾ സ്ഥാപിക്കുന്നവരെ തിരിച്ചറിയാനുള്ള പട്ടിക എംവിഡി തയ്യാറാക്കി തുടങ്ങി. പിടിക്കപ്പെട്ടാൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
‘കേരള സ്റ്റേറ്റ്’ ബോർഡ് നിയമപ്രകാരമല്ലാതെ സ്വകാര്യ വാഹനത്തിൽ ഉപയോഗിക്കാൻ പാടില്ല. വകുപ്പ് മേധാവിയെ രേഖാമൂലം അറിയിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാങ്കിലെയും ഇൻഷുറൻസ് ഓഫീസിലെയും ഉദ്യോഗസ്ഥർ വാഹനത്തിൽ കേരള സംസ്ഥാന സർക്കാരിന്റെയും ഇന്ത്യാ ഗവൺമെന്റിന്റെയും ബോർഡുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇവർക്കെതിരെയും നടപടിയുണ്ടാകും. വിഐപി സന്ദർശനം പോലുള്ള വിശേഷാവസരങ്ങളിൽ ടാക്സികളിൽ ‘കേരള സ്റ്റേറ്റ്’ ബോർഡ് സ്ഥാപിക്കാറുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ മാത്രമാണ് ഇത് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.