ഷിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം വ്യാഴാഴ്ച്ച അവസാനിച്ചു. വോട്ടെടുപ്പ് നാളെ (ശനിയാഴ്ച്ച) നടക്കും. ഫലം അറിയാൻ ഡിസംബർ 8 വരെ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ച്ച വോട്ടെടുപ്പിന്റെ തലേന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ഇതിനായി ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പതിവ് പ്രചാരണ രീതികൾക്ക് പുറമെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കാനും പാർട്ടികൾ ശ്രമിക്കുന്നുണ്ട്.
അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ പോരാടുന്ന കോൺഗ്രസ്സും കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉജ്ജ്വലമായ പ്രചാരണം നടത്തി. ഹിമാചൽ പ്രദേശിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ മത്സരിക്കുന്ന ആം ആദ്മി പാർട്ടിയും സജീവമായിരുന്നു.