ലക്കീഷ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന വാചകം കനാൻ ദേശത്തെ ലക്കീഷ് എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. വെങ്കലയുഗത്തിലെ കനാൻ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ഒരു പേൻ ചീപ്പിൽ ഈ വാക്യം കൊത്തിവച്ചിരിക്കുന്നു. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ഇത് 3800 വർഷം പഴക്കമുള്ള ഒരു പുരാതന ലിപിയിലാണ് എഴുതിയിരിക്കുന്നത്.
ഇരുവശങ്ങളിലും പല്ലുകളുള്ള ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച ഒരു പേൻ ചീപ്പിലാണ് എഴുത്ത് കൊത്തിയെടുത്തത്. “മുടിയിലെയും താടിയിലെയും പേനിനെ മുഴുവന്‍ ഈ ചീപ്പ് വേരോടെ പിഴുതെറിയട്ടെ,” എന്നാണ് അതിന്‍റെ അർത്ഥം. ഇതിന് 3.5 സെന്‍റീമീറ്റർ നീളവും 2.5 സെന്‍റീമീറ്റർ വീതിയുമുണ്ട്. യൂദയാ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായിരുന്നു ലക്കീഷ്.
ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ പുരാവസ്തു ഗവേഷകനായ പ്രൊഫസർ യൂസഫ് ഗർഫിൻകൽ പറയുന്നത് ഇന്നത്തെപ്പോലെ, അക്കാലത്ത് സ്പ്രേകളോ മരുന്നുകളോ ഇല്ലാത്തതിനാൽ പേന്‍നശീകരണത്തിനായി ചീപ്പുകൾ മാത്രമേ അവർ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ്. 2017 ലാണ് ചീപ്പ് കണ്ടെത്തിയതെങ്കിലും കഴിഞ്ഞ ഡിസംബറിലാണ് ഇതിലെ എഴുത്ത് വെളിച്ചത്ത് വന്നത്. ചീപ്പിന്‍റെ കൃത്യമായ പ്രായം നിർണ്ണയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഗവേഷകരുടെ ഏകദേശ ധാരണ ഇത് ബിസിഇ 1700 ഓടെ നിർമ്മിച്ചതാകാം എന്നാണ്. ചീപ്പിന്‍റെ മിക്ക ഭാഗങ്ങളും ജീർണാവസ്ഥയിലാണെങ്കിലും, മുടി കെട്ടാൻ ഒരു വശത്ത് ആറ് വലിയ പല്ലുകളും മറുവശത്ത് പേനിനെ നശിപ്പിക്കാൻ 14 ചെറിയ പല്ലുകളും ഉണ്ട്.