ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്, പ്രോബ്, പ്രൊപ്പൽഷൻ സിസ്റ്റം, ഒരു പാരച്യൂട്ട് എന്നിവ സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു.
ഹൈപ്പർസോണിക് ഇന്ഫ്ളേറ്റബിള് എയറോഡൈനാമിക് ഡിസെലറേറ്റര് (HIAD) എന്ന സാങ്കേതികവിദ്യ ഇത് ഉപയോഗിക്കുന്നു. രണ്ട് സബ്ഓർബിറ്റൽ പരീക്ഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. മൂന്നാമത്തേത് ഇന്ന് നടന്ന ലോഫ്റ്റിഡ് ഓർബിറ്റൽ ഫ്ലൈറ്റ് ടെസ്റ്റാണ്. ചൊവ്വയിൽ ഉൾപ്പെടെ ഭാവി ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണിത്.
ഒരു ബഹിരാകാശ പേടകമോ മറ്റേതെങ്കിലും വസ്തുവോ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം കുറയ്ക്കാനും അത് മൂലമുണ്ടാകുന്ന തീവ്രമായ താപനില നിയന്ത്രിക്കാനും ബഹിരാകാശ പേടകത്തെ കൂടുതൽ സുരക്ഷിതമായി താഴേക്ക് കൊണ്ടുവരാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. വലിയ ഭാരം ഇറക്കാൻ കഴിയുന്നതിന് പുറമെ, ഉയർന്ന ഉയരങ്ങളിൽ പേടകത്തെ ഇറക്കാനും കഴിയുമെന്ന് നാസ അറിയിച്ചു.
ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് ഭാഗങ്ങൾ ലാൻഡ് ചെയ്യാനും പുനരുപയോഗിക്കാനും ഈ സംവിധാനം അവസരമൊരുക്കും. നാസ ഒരു ദശാബ്ദത്തിലേറെയായി ഈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു. ലോഫ്റ്റിഡിന് ആറ് മീറ്റർ വ്യാസമുണ്ട്, വായു നിറഞ്ഞ എയറോഷെൽ സംവിധാനമുണ്ട്. ഈ വലുപ്പം അന്തരീക്ഷത്തിലൂടെയുള്ള കുതിപ്പിന്റെ വേഗത കുറയ്ക്കുകയും സാധാരണയായി ഉപയോഗിക്കുന്ന വായു നിറഞ്ഞ എയറോഷെല്ലുകളെക്കാൾ സുരക്ഷിതമായ ലാൻഡിംഗ് സാധ്യമാക്കുകയും ചെയ്യുന്നു. കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ശേഷിയും ഈ സംവിധാനത്തിനുണ്ട്.