Spread the love

കൊച്ചി: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ശാസ്ത്രം പുരോഗമിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും.” അദ്ദേഹം പറഞ്ഞു.

“ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാമ്പ് നടത്തും. ശാസ്ത്ര അഭിരുചിയും താൽപര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സ്‌കൂളുകളില്‍ മികച്ച സൗകര്യമൊരുക്കുന്ന പദ്ധതി ഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആയിരിക്കും വരും നാളുകളിലെ പഠനരീതി. താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി അവരെ പാകപ്പെടുത്തി വളര്‍ത്തിയെടുക്കണം”, അദ്ദേഹം കൂട്ടിച്ചേർത്തു.

5,000 ത്തിലധികം വിദ്യാർത്ഥികളാണ് നവംബർ 10 മുതൽ 12 വരെ നടക്കുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ്, ഐടി, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ 154 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ശാസ്ത്രമേള സെന്‍റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിലും, ഗണിത ശാസ്ത്രമേള കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് സ്കൂളിലും, സാമൂഹിക ശാസ്ത്രമേള എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസിലും നടക്കും. ഐടി മേള നടക്കുന്നത് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ്.

By newsten