തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27–ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് റജിസ്ട്രേഷന് നവംബര്‍ 11ന് രാവിലെ 10ന് ആരംഭിക്കും. തിരുവനന്തപുരത്ത് വച്ച് ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് മേള നടക്കുക. ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ജനറൽ വിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയും രജിസ്ട്രേഷൻ നടത്താം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം സിനിമകൾ എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളുടെ രാജ്യാന്തര മത്സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, അന്തരിച്ച ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവ പാക്കേജുകളിൽ ഉൾപ്പെടുന്നു.
വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംവിധായകർ, സാങ്കേതിക പ്രവര്‍ത്തകർ, ജൂറി അംഗങ്ങൾ എന്നിവരുൾപ്പെടെ നൂറിലധികം അതിഥികൾ മേളയിൽ പങ്കെടുക്കും. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രശസ്ത ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’ സമ്മാനിക്കും. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ മാധ്യമമാക്കുന്ന ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന ഈ പുരസ്കാരത്തിൽ പാരിതോഷികമായി 5 ലക്ഷം രൂപ നൽകും.