ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്ല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് ആർട്ടിലറി തോക്കുകൾക്കായി 155 മില്ല്യൺ ഡോളറിന്റെ (1200 കോടി) വിദേശ ഓർഡർ ലഭിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓർഡർ ലഭിക്കുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ ആയുധങ്ങളുടെ കയറ്റുമതി പൂർത്തിയാക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഏത് രാജ്യത്തിന് വേണ്ടിയാണെന്നോ, ഏത് ആർട്ടിലറി സംവിധാനമാണ് കയറ്റുമതി ചെയ്യുന്നതെന്നോ ഉള്ള കാര്യം കമ്പനി പുറത്ത് വിട്ടിട്ടില്ല. ഒരു മിഡിൽ ഈസ്റ്റ് രാജ്യത്തിന് വേണ്ടിയാണെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
കല്ല്യാണി ഗ്രൂപ്പിന്റെ ഭാഗമായ ഭാരത് ഫോർജിന്റെ 155 എംഎം ആർട്ടിലറി തോക്കായ ഭാരത് 52 ഉപയോഗിച്ച് സൗദി അറേബ്യ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 2020ലാണ് സൗദി സൈന്യം ഈ തോക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. ഭാരത് ഫോർജ് നിർമ്മിച്ച ആദ്യത്തെ ആർട്ടിലറി തോക്ക് എന്ന പ്രത്യേകതയും ഇതിനുണ്ട്. 41 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന് 50 സെക്കന്റിനുള്ളിൽ ആറ് റൗണ്ട് വെടിയുതിർക്കാൻ സാധിക്കും.