Spread the love

പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തികൊടുത്ത് നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് വിശാൽ മുൻകൈ എടുത്ത് നടത്തിയത്. വിവാഹത്തിന്‍റെ മുഴുവൻ ചിലവുകളും വഹിച്ചതും കൂടാതെ, ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാൽ നൽകി. താരം തന്നെയാണ് ഓരോരുത്തർക്കും താലിയെടുത്ത് നൽകിയതും.

തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്കൂളിലാണ് സമൂഹവിവാഹം നടന്നത്. വിശാൽ നേതൃത്വത്തം നൽകുന്ന സംഘടന ഇതിന് മുൻപും സാമൂഹ്യപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സമൂഹ വിവാഹമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും വിശാൽ അഭിപ്രായപ്പെട്ടു.

തനിക്ക് ഇപ്പോൾ പതിനൊന്ന് സഹോദരിമാരുണ്ടെന്നും അവരുടെ സന്തോഷമാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമെന്നും വിശാൽ പറയുന്നു. ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും വിശാൽ ഏറ്റെടുക്കും. തന്റെ നേതൃത്വത്തിലുള്ള സംഘടന വഴി മറ്റുള്ള ജില്ലകളിലും സമൂഹ വിവാഹം സംഘടിപ്പിക്കുമെന്നും വിശാൽ അറിയിച്ചു.

By newsten