കൊച്ചി: കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു. അഡ്വ. ജാജു ബാബുവും ഭാര്യ അഡ്വ. എം.യു.വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജാജു ബാബു.
വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസര്‍ രാജിവെച്ചത്. ചാൻസലർ സത്യവാങ്മൂലം നൽകാൻ സമയം തേടിയതിനെ തുടർന്ന് ഹർജി 17ലേക്കു മാറ്റി.