അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുക. ആദ്യം ആലപ്പുഴയിലും അടുത്ത ഘട്ടത്തിൽ വടക്കൻ കേരളത്തിലും ആരംഭിക്കും.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ചെട്ടിക്കാട് താലൂക്ക് ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമിയിലാണ് ആലപ്പുഴയിലെ യൂണിറ്റ് സ്ഥാപിക്കുക. മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർ, അസിസ്റ്റന്‍റ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ എന്നിവർക്ക് ഗവേഷണം സുഗമമാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പാണ് ഫണ്ട് അനുവദിക്കുക. പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഡോക്ടർമാർക്ക് തിരഞ്ഞെടുക്കാം. ഇത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരത്തിനായി സമർപ്പിക്കണം. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിദഗ്ധ സമിതിയുടെ അനുമതിയോടെയാണ് ഗവേഷണം ആരംഭിക്കേണ്ടത്. പ്രവർത്തനങ്ങൾ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.