പട്ന: കതിഹാറിൽ ബിജെപി നേതാവ് സഞ്ജീവ് മിശ്രയെ (55) ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. ബൽറാംപൂരിലെ വസതിക്ക് മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജീവ് മിശ്രയ്ക്ക് നേരെ രണ്ട് ബൈക്കുകളിൽ എത്തിയ അക്രമികൾ വെടിയുതിർത്ത് കടന്നു കളയുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സഞ്ജീവ് മിശ്ര മരിച്ചിരുന്നു. ബംഗാൾ അതിർത്തിയുടെ ഭാഗത്തേക്കാണ് അക്രമികൾ പോയതെന്നാണ് വിവരം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഒരു വർഷം മുമ്പും സഞ്ജീവ് മിശ്രയെ വധിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് നെഞ്ചിൽ വെടിയേറ്റെങ്കിലും അതിജീവിച്ചു.
മഹാസഖ്യം സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ ബീഹാറിൽ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് മുഖ്യമന്ത്രി നിതീഷ് കുമാർ അധികാരം അടിയറവ് വെച്ചെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിതീഷ് പരാജയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.