തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയെന്ന് മന്ത്രി വി ശിവൻകുട്ടി. പി.എസ്.സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി.എസ്.സിയുടെ പരിധിയിൽ വരാത്ത സ്ഥിര – താൽക്കാലിക ഒഴിവുകളും ഇത്തരത്തിലാണ് നികത്തുന്നത്.
ഒഴിവുള്ള സമയത്ത് അതത് സ്ഥാപനങ്ങൾ അതത് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികളുടെ പട്ടിക സ്ഥാപനത്തിന് കൈമാറും. അവരിൽ നിന്നാണ് സ്ഥാപനം ഒഴിവുകൾ നികത്തുന്നത്.
എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓൺലൈനിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾക്ക് കഴിയുന്നുണ്ട്. എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.