പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തെ തുടർന്ന് മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ ആണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിലായിരുന്നു. മൂന്ന് പൊലീസുകാരാണ് മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന രമേശും ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജുമാണ് രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഇരുവരുടെയും മൊഴി കോടതി രേഖപ്പെടുത്തും.
4 വർഷം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അത് ഫയലിൽ ഉൾപ്പെടുത്തണമെന്നും പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.