ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് വീണ്ടും കത്തയച്ചു. അടിയന്തിരമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയച്ച കത്തിൽ സമ്മർദ്ദം വൻതോതിൽ വർദ്ധിക്കുകയാണെന്നും എഎപിയെക്കുറിച്ചുള്ള സത്യം പുറത്തുവരുന്നതിന് മുമ്പ് അനാവശ്യ സംഭവങ്ങൾ ഉണ്ടായേക്കാമെന്നും പറയുന്നു.
ആം ആദ്മി പാർട്ടിക്ക് കോടികളുടെ കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ, മുൻ ഡൽഹി ജയിൽ മേധാവി സന്ദീപ് ഗോയൽ എന്നിവർ തന്നെ ഭീഷണിപ്പെടുത്തിയതായി സുകേഷ് ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിനിന് 10 കോടി രൂപ ഉൾപ്പെടെ കോടിക്കണക്കിന് രൂപ ആം ആദ്മി പാർട്ടിക്ക് നൽകിയെന്നാണ് ചന്ദ്രശേഖർ ആരോപിച്ചത്. എന്നാൽ അരവിന്ദ് കെജ്രിവാൾ ഇത് നിഷേധിച്ചു.
എന്നാൽ തന്‍റെ ആരോപണത്തിന് തെളിവ് നൽകാൻ തയ്യാറാണെന്ന് സുകേഷ് പറഞ്ഞു. “സത്യം പുറത്തുവരണം. കാരണം എനിക്കിത് ഇനി അകത്തു വെക്കാൻ കഴിയില്ല. ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. അവരെയും അവരുടെ സർക്കാരിനെയും തുറന്നുകാട്ടണം. ജയിലിൽ പോലും, അവർ ഉന്നതതല അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് കാണിക്കണം” സുകേഷ് പറയുന്നു.