തലശ്ശേരി: രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദ് (20) ചവിട്ടിയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സി.ഐ എം അനിലിനും ഗ്രേഡ് എസ്.ഐമാർക്കും തെറ്റുപറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്ന സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെ മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കുട്ടിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന പശ്ചാത്തലത്തിൽ ഷിഹാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കേസന്വേഷണം ഏറ്റെടുത്തിരുന്നു. കുട്ടിയെയും മാതാപിതാക്കളെയും കൂടാതെ രണ്ട് ദൃക്സാക്ഷികളിൽ നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
സംഭവ ദിവസം രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.