തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിലെ താൽക്കാലിക വി.സി നിയമനവും നിയമ കുരുക്കിലേക്ക്. ഇടക്കാല വി.സിയായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോ. ഡയറക്ടർ ഡോ.സിസ തോമസിന്റെ നിയമനം സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. അതിനാൽ സർക്കാർ തലത്തിൽ കോടതിയെ സമീപിക്കാനാണ് ധാരണ.
നിയമമനുസരിച്ച് മറ്റേതെങ്കിലും സർവകലാശാലയിലെ വി.സി, സാങ്കേതിക സർവകലാശാലയിലെ പി.വി.സി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് ചുമതല നൽകാം. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി.ഡോ.സജി ഗോപിനാഥിന്റെ പേരാണ് സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ, വി.സി. നിയമനം നിയമപ്രകാരമല്ലെന്ന് കാണിച്ച് ഗവർണർ നോട്ടീസ് നൽകിയവരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. അതിനാൽ നിയമനം നടന്നില്ല. പിന്നീട്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയിയുടെ പേര് സർക്കാർ ശുപാർശ ചെയ്തു. യു.ജി.സി മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ അത് നിരസിച്ചു.
സ്വാഭാവികമായും പി.വി.സി.യെയാണ് പിന്നീട് നിയമിക്കേണ്ടിയിരുന്നത്. എന്നാൽ വി.സി സ്ഥാനമൊഴിഞ്ഞാല്‍ പി.വി.സിയുടെ കാലാവധിയും അവസാനിക്കുമെന്നാണ് വാദം. എന്നിരുന്നാലും, വിസിയുടെ കാലാവധി സ്വാഭാവികമായി അവസാനിക്കുമ്പോൾ മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ എന്നാണ് എതിർവാദം.