ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന ചീറ്റകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു.
“ഗ്രേറ്റ് ന്യൂസ്, അവർ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു,” പ്രധാനമന്ത്രി പറഞ്ഞു. നിർബന്ധിത ക്വാറന്റൈന് ശേഷം രണ്ട് ചീറ്റകളെ തുറന്നുവിട്ടതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകളെ നിർബന്ധിത 50 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. അവയിൽ രണ്ടെണ്ണത്തെ ചുറ്റുപാടുകളുമായി കൂടുതൽ പൊരുത്തപ്പെടാൻ വലിയ ചുറ്റുപാടുകളിലേക്ക് തുറന്നുവിട്ടു. എല്ലാ ചീറ്റകളും ആരോഗ്യത്തോടെയും സജീവമായും ഇരിക്കുന്നു. അവർ പുതിയ ചുറ്റുപാടുകളുമായി നന്നായി പൊരുത്തപ്പെട്ടു. മറ്റ് ആറ് ചീറ്റകളെയും ഉടൻ തുറന്ന് വിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.