നീലത്തിമിംഗിലങ്ങൾ പ്രതിദിനം 1 കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ കഴിക്കുന്നതായി പഠനം. കാലിഫോർണിയ കടലിലെ നീലത്തിമിംഗിലങ്ങൾ, ഫിൻ, ഹംബാക്ക് തിമിംഗലങ്ങൾ എന്നിവയിൽ ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ആഴക്കടൽ പ്രദേശങ്ങളിലും മനുഷ്യശരീരത്തിനുള്ളിലും പോലും മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങളുടെ ഇരപിടിത്ത മേഖലയായ, സമുദ്രത്തിന്റെ 50 മുതൽ 250 മീറ്റർ വരെ ആഴമുള്ള പ്രദേശങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലങ്ങൾ ആണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുന്നത്.
പ്രതിദിനം 43.6 കിലോഗ്രാം എന്ന തോതിൽ ആണിത്. ഹംബാക്ക് തിമിംഗലങ്ങൾ പ്രതിദിനം 40 ലക്ഷം മൈക്രോപ്ലാസ്റ്റിക് ശകലങ്ങള്‍ എന്ന തോതിലും പ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുന്നു. തിമിംഗലങ്ങൾ കഴിക്കുന്ന ക്രില്ലുകളുടെ (ചെമ്മീൻ ഇനത്തിലെ ഒരു ചെറിയ ജീവി) ശരീരത്തിനുള്ളിലും മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. 99 ശതമാനം മൈക്രോപ്ലാസ്റ്റിക്കുകളും തിമിംഗലത്തിന്റെ ശരീരത്തിൽ പ്രവേശിക്കുന്നത് അവയിലൂടെയാണെന്ന് പഠനം പറയുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.