അവിറാം റോസിനും ഭാര്യ യോറിത് റോസിനും 1998ലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. വന്നിറങ്ങിയ നിമിഷം മുതൽ ഇന്ത്യയോട് തോന്നിയ ആത്മബന്ധം വളരെ വലുതായിരുന്നു.തമിഴ്നാട്ടിൽ താമസമാരംഭിച്ച ദമ്പതികൾക്ക് സ്വന്തം നാടുപോലെയായിരുന്നു ഇവിടം. ഇന്ത്യയിലെ ജനങ്ങളും, ഭൂപ്രകൃതിയുമെല്ലാം അവർക്ക് വിലപ്പെട്ടതായി മാറി.
ഇസ്രായേലാണ് റോസിന്റെ ജന്മദേശം. ടെൽ അവീവിൽ ജനിച്ച അദ്ദേഹം ഒരു ബിസിനസുകാരനും മെഡിക്കൽ ഉപകരണ കമ്പനിയുടെ സിഇഒയുമായിരുന്നു. വർഷം 2000 ആയപ്പോഴേക്കുമാണ് തന്റെ തിരക്കേറിയ ജീവിതത്തിലെ വിരക്തി അദ്ദേഹത്തിന് അനുഭവപ്പെടുന്നത്. ശാന്തമായൊരു ജീവിതം സ്വപ്നം കണ്ട അദ്ദേഹത്തിന്റെ മനസ്സിൽ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന തീരുമാനവുമുണ്ടായിരുന്നു. അങ്ങനെയാണ് താൻ ഏറെയിഷ്ടപ്പെട്ടിരുന്ന ഇന്ത്യയിലേക്ക് അദ്ദേഹം വീണ്ടുമെത്തുന്നത്. ഭാര്യയും മക്കളുമായി തമിഴ്നാട്ടിലെ ഓറോവിൽ എത്തിയ റോസിൻ 2003 മുതൽ 70 ഏക്കർ സ്ഥലത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി.
ആരെയും അത്ഭുതപെടുത്തുന്ന ‘സാധന’ വനത്തിന്റെ പിറവിയായിരുന്നു അത്. വന്യജീവികളും, വനസമ്പത്തുമുള്ള വലിയൊരു വനമാണ് റോസിന്റെ പ്രവർത്തനത്തിലൂടെ ആ 70 ഏക്കറിൽ വ്യാപിച്ചത്. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനായി നിരവധി സന്നദ്ധ പ്രവർത്തകരും അവർക്കൊപ്പമുണ്ടായിരുന്നു.