തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടിക്ക് വിശദീകരണം നല്കി. കത്ത് താന്‍ തയ്യാറാക്കിയതല്ല എന്നും ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മേയർ പാര്‍ട്ടിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ ഫോണില്‍ വിളിച്ചാണ് മേയര്‍ വിശദീകരണം നല്‍കിയത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനായി ആളുകളുടെ പട്ടിക ചോദിച്ചുള്ള കത്താണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ളതായിരുന്നു കത്ത്. വിവാദത്തില്‍ മേയറെ പിന്തുണച്ച് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കൈമാറിയതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
‘കത്ത് എന്റെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ്. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് ഞാന്‍ മേയറുമായി സംസാരിച്ചപ്പോഴും പറഞ്ഞത്. നിയമപരമായി നീങ്ങും. ഇന്ന് പൊലീസില്‍ പരാതി നല്‍കും. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പരാതി കൊടുക്കുന്നത്. പാര്‍ട്ടി പറയാതെ മേയര്‍ പരാതി നല്കില്ലല്ലോ? ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. ആളെ കണ്ടെത്തണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയത്. മേയര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടാവും. മേയര്‍ രാജിവെക്കേണ്ട കാര്യമില്ല.’ ആനാവൂര്‍ നാഗപ്പന് പറഞ്ഞു.