കയ്റോ: ഒരുപാട് പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഈജിപ്തിലെ ഷറം അൽഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27-കോൺഫറൻസ് ഓഫ് പാർട്ടിസ്) വേദിയാകുന്നത്. ആഗോള ഊർജ്ജ പ്രതിസന്ധിയും താങ്ങാനാകാത്ത ഇന്ധന വില വർധനവും, റഷ്യ-ഉക്രൈൻ യുദ്ധം സൃഷ്ടിച്ച ഇന്ധനത്തിന്റെയും പ്രകൃതി വാതകത്തിന്റെയും ദൗർലഭ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെയും കാർബൺ ബഹിർഗമനത്തെയും നേരിടാനുള്ള ശ്രമങ്ങൾ അപര്യാപ്തമാണെന്ന വിമർശനം ഈജിപ്തിലെ പ്രധാന ചർച്ചാ വിഷയമാകും.
2021ലെ ഗ്ലാസ്ഗോ ഉച്ചകോടിയിൽ, പൂജ്യം കാർബൺ ബഹിർഗമനം, വനസംരക്ഷണം, കാലാവസ്ഥാ സഹായ ധനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രതിജ്ഞകൾ രാജ്യങ്ങൾ എടുത്തിരുന്നു. എന്നാൽ, 193 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പദ്ധതികൾ സമർപ്പിച്ചത്.
ഹരിതഗൃഹ വാതക ബഹിർഗമനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നത് വികസ്വര രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതും ചർച്ചാ വിഷയമാകും.