തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർ നടപടികൾക്ക് പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ് സർക്കാർ തീരുമാനം.
സർക്കാരിനും സർവകലാശാലകൾക്കും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഗവർണറെ മാറ്റേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിയമനിർമ്മാണം നടത്തുന്നത്. ആദ്യം ഓർഡിനൻസ് കൊണ്ടുവരാനാണ് തീരുമാനം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിച്ചു ചേർത്ത് ബില്ലായി കൊണ്ടുവരും. ഇതനുസരിച്ച് നിയമസഭാ നടപടികളിലേക്ക് നീങ്ങാൻ ഡിസംബറിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തേക്കും.
അതേസമയം ഡി.എം.കെയുമായി സഹകരിച്ച് ഗവർണർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സി.പി.എം തീരുമാനം. നവംബർ 15ന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഡി.എം.കെ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ റാലി നടത്തും.