തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സീൽ ചെയ്ത വീട് തുറന്നത്. തമിഴ്നാട്ടിലെ രാമവർമ്മൻചിറയിൽ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടാണ് അജ്ഞാതൻ തകർത്തത്. ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് വീടിന്റെ പൂട്ട് തകർന്ന നിലയിൽ കണ്ടെത്തിയത്. കേരള പോലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കവർച്ചാശ്രമമാണോ അതോ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോ എന്ന് വ്യക്തമല്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരൻ നിർമ്മൽ കുമാറിനെയും തെളിവെടുപ്പിനായി വീടിന്റെ പിൻഭാഗത്ത് എത്തിച്ചെങ്കിലും പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചില്ല. വീടിനുള്ളിലെ സാധനങ്ങളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചില്ല. ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും നാളെ തെളിവെടുപ്പിനായി വീട്ടിലെത്തിക്കാനുള്ള ഒരുക്കത്തിനിടെയാണ് അജ്ഞാതൻ വീടിനുള്ളിൽ കയറിയത്.
ഏതൊക്കെ വസ്തുക്കളാണ് കാണാതായതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വീടിന് കാവൽ നിൽക്കാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ആരോപണമുയർന്നു.