ഫിൻലാൻഡ്: വിവാദമായ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ചുമതലകൾ അവഗണിക്കുകയോ കടമയിൽ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡിലെ ചാൻസലർ ഓഫ് ജസ്റ്റിസ് വിശദീകരിച്ചു. സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. 36 കാരിയായ പ്രധാനമന്ത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിലായത്. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തുവെന്നാണ് സന്നയ്ക്കെതിരെയുള്ള ആരോപണം.
ഫിൻലൻഡിൽ നിന്നുള്ള സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും നടുവിലായിരുന്നു പ്രധാനമന്ത്രിയുടെ നൃത്തം. വീഡിയോ വൈറലായതോടെ ഇവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആരോപണം ശക്തമായതിനെ തുടർന്ന് മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാകാമെന്ന് സന്ന മാരിൻ പറഞ്ഞിരുന്നു. ഓഗസ്റ്റിലാണ് വിവാദ പാർട്ടി നടന്നത്. പാർലമെന്റിൽ നിന്ന് തന്നെ ശക്തമായ വിമർശനവും പദവിയിൽ തുടരാൻ സന്ന യോഗ്യയാണോ എന്ന സംശയവും ഉയർന്നിരുന്നു.
ഇതിനെ തുടർന്ന്, നിയമപരമായ പ്രശ്നങ്ങൾ വിലയിരുത്താൻ സ്വതന്ത്ര അധികാരങ്ങളോടെ ഫിൻലാൻഡിന്റെ ചാൻസലർ ഓഫ് ജസ്റ്റിസിനെ നിയമിച്ചു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ചുമതലകളിൽ പരാജയപ്പെട്ടിട്ടില്ലെന്ന അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണ്. പ്രധാനമന്ത്രി തന്റെ കടമകൾക്കിടെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഫിൻലൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് തോമസ് പോയ്സ്റ്റി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാതികളിൽ ആരോപിക്കപ്പെടുന്ന ഡ്യൂട്ടിയിലെ വീഴ്ച തെളിയിക്കാൻ കഴിഞ്ഞില്ലെന്നും തോമസ് പോയ്സ്റ്റി പറഞ്ഞു.