തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പോലീസുകാരന് അവധി നൽകിയില്ല. സംഭവം വിവാദമായതോടെ എസ്.എ.പി ക്യാമ്പ് കമാൻഡന്റിനോട് എ.ഡി.ജി.പി റിപ്പോർട്ട് തേടി. കമാൻഡിംഗ് ഓഫീസറായ ബ്രിട്ടോയെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി.
കെ.എ.പി ബറ്റാലിയൻ ഒന്നിലെ നെയ്യാറ്റിൻകര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് ദുരനുഭവം. കമാൻഡോ പരിശീലനത്തിനായി എസ്.എ.പി ക്യാമ്പിൽ എത്തിയതാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വന്തം വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടന്നത്. ശനി, ഞായർ ദിവസങ്ങളിൽ അവധി തേടിയെങ്കിലും കമാൻഡിംഗ് ഓഫീസറായ ഉദ്യോഗസ്ഥൻ അവധി നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർക്ക് അവധി നൽകി. ഒടുവിൽ അഞ്ച് മണിക്കൂർ പോയിവരാൻ അനുവദിച്ചു, പക്ഷേ ഈ ദിവസം ഉദ്യോഗസ്ഥൻ ഫോൺ എടുത്തില്ല. അയാളെ നേരിൽ കാണുകയും അനുവാദം വാങ്ങുകയും ചെയ്തപ്പോഴേക്കും വളരെ വൈകിയിരുന്നു. ചടങ്ങിന് ശേഷമാണ് വീട്ടിലെത്താൻ കഴിഞ്ഞത്. രണ്ട് മണിക്കൂറിനുള്ളിൽ മടങ്ങേണ്ടിവന്നു.
ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റാണ് ഹിയറിംഗ് നടത്തേണ്ടത്. റിപ്പോർട്ട് എം ആർ അജിത് കുമാറിന് സമർപ്പിക്കണം.