ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാൻ വധശ്രമത്തെ അതിജീവിച്ച് ആശുപത്രി കിടക്കയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.
കൊലപാതക ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, കരസേന മേജർ ജനറൽ ഫൈസൽ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
താൻ ആക്രമിക്കപ്പെടുമെന്ന് ഒരു ദിവസം മുമ്പ് അറിയാമായിരുന്നു. ഞാൻ സാധാരണക്കാരുടെ ഇടയിൽ നിന്നാണ് വരുന്നത്. എന്റെ പാർട്ടി സൈനിക സംവിധാനത്തിന് കീഴിൽ രൂപീകരിച്ചതല്ല. കഴിഞ്ഞ 22 വർഷമായി ഞാൻ ദുരിതമനുഭവിക്കുന്നു, ലാഹോറിലെ ഷൗക്കത്ത് ഖാൻ ആശുപത്രിയിൽ നിന്ന് പാകിസ്ഥാനെ അഭിസംബോധന ചെയ്യവേ ഇമ്രാൻ ഖാൻ പറഞ്ഞു.