പൂനെ: നവജാത ശിശുവിന് പുതുജീവൻ നൽകി പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-തൊറാസിക് സയൻസസിലെ ഡോക്ടർമാർ. ജനനസമയത്ത് ശ്വാസകോശ വാൽവ് ഇല്ലാതിരുന്ന കുഞ്ഞിന് അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുകയായിരുന്നു. പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പിഡിഎ) സ്റ്റെന്റിംഗ് എന്ന ശസ്ത്രക്രിയയ്ക്ക് കുഞ്ഞ് വിധേയയായി.
2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ശ്വാസകോശ വാൽവ് ഇല്ലാതെ പൾമണറി അട്രേഷ്യ എന്ന അവസ്ഥയിലാണ് ജനിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പൾമണറി ധമനികളിലേക്കുള്ള രക്തയോട്ടം പിഡിഎ വഴിയാണ് നിലനിർത്തുന്നത്. ഇത് ഒരു ചെറിയ ട്യൂബ് പോലുള്ള ഘടനയാണ്. ജനനശേഷം ഇതിൽ ഉണ്ടാകുന്ന തടസ്സമാണ് രോഗം. ശസ്ത്രക്രിയയിലൂടെ അടഞ്ഞ വാൽവിനുള്ളിൽ ഒരു സ്റ്റെന്റ് ഘടിപ്പിച്ചാണ് ഈ അവസ്ഥ പരിഹരിച്ചത്. കാർഡിയോളജിസ്റ്റുകൾ, ഒരു കാർഡിയോ-തൊറാസിക് സർജൻ, കാർഡിയാക് അനസ്തറ്റിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.