തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.
ഗ്രീഷ്മയുടെ കസ്റ്റഡി ആവശ്യം പരിഗണിക്കവെ പാറശ്ശാല പൊലീസിന്റെ വീഴ്ച പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആദ്യ എഫ്ഐആറിൽ ഷാരോണിന്റെ ഉള്ളിൽ വിഷം ചെന്നതായി പരാമർശിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന് ഗ്രീഷ്മയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. അഞ്ച് ദിവസമാണ് ഇവരുടെ കസ്റ്റഡി കാലാവധി. ഇത് ചൂണ്ടിക്കാട്ടി ഗ്രീഷ്മയേയും അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടാല്‍ പോരേ എന്ന് കോടതി ചോദിച്ചു. വിശദമായ തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലും ആവശ്യമായതിനാൽ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.