ന്യൂയോർക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വീട്ടുജോലിക്കാരി യുഎസ് കോടതിയിൽ. ബെസോസ് കടുത്ത വംശീയവാദിയാണെന്നും ബെസോസിന്‍റെ സഹപ്രവർത്തകരിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വിശ്രമം നൽകാതെ മണിക്കൂറുകളോളം ജോലി ചെയ്യിപ്പിച്ചെന്നും ഭക്ഷണം കഴിക്കാൻ പോലും സമയം നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
2019ലാണ് മെഴ്സിഡസ് വേദ ജെഫ് ബെസോസിന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. ചിലപ്പോൾ 10 മുതൽ 14 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്നതായി ഇവർ പറഞ്ഞു. ചൊവ്വാഴ്ചയാണ് മെഴ്സിഡസ് സിയാറ്റിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഗാർഹിക തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേക മുറി നൽകിയിരുന്നില്ല. മുഷിഞ്ഞ വസ്ത്രങ്ങൾ വയ്ക്കുന്ന ഒരു മുറിയിലിരുന്നാണ് ഭക്ഷണം കഴിച്ചത്. സെക്യൂരിറ്റി റൂമിന് സമീപത്തെ ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബെസോസിൽ നിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.