ന്യൂഡല്‍ഹി: മീഡിയ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് സുപ്രീം കോടതി. മുദ്രവച്ച കവറിലെ നാല് പേജുകൾ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അതേസമയം, ചാനലിന്‍റെ ലൈസൻസ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രത്തിന്‍റെ വാദത്തോട് സുപ്രീം കോടതി യോജിച്ചു. സംപ്രേക്ഷണം നിരോധിച്ചതിനെതിരെ മീഡിയ വൺ ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റിവച്ചു.
സുരക്ഷാ അനുമതി നിഷേധിക്കുന്നതിലേക്ക് നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയൽ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിശോധിച്ചത്. ഫയലിലെ 807-808 പേജുകളിലെ അഞ്ചാം ഖണ്ഡികയും, 839-840 പേജുകളിലെ മിനുട്‌സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ രണ്ട് ഖണ്ഡികകളിലായി ഇക്കാര്യം പരാമർശിച്ചിരിക്കുന്നതും ബെഞ്ച് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജിനോട് ഈ 4 പേജുകൾ വായിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പേജുകൾ പരിശോധിച്ചു. ഫയലിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മീഡിയ വണ്ണിന്‍റെ അഭിഭാഷകർക്ക് ഫയൽ കൈമാറുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതേതുടർന്ന് ജഡ്ജിമാർ മാത്രമാണ് ഫയൽ പരിശോധിച്ചത്. വിധി എഴുതുന്നതിനായി ഫയല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബെഞ്ച് വാങ്ങി.