കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ എന്ന തച്ചംപൊയിൽ രാജീവൻ(63) നിര്യാതനായി. രാത്രി 11.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-കരൾ രോഗം മൂലം ചികിത്സയിലായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഏറ്റവും പ്രമുഖ ഉത്തരാധുനിക കവികളിൽ ഒരാളാണ്. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു.
‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന നോവലും, ‘കെ.ടി.എൻ കോട്ടൂർ – എഴുത്തും ജീവതവും’ എന്ന നോവൽ ‘ഞാൻ’ എന്ന പേരിലും സിനിമയായി. കോട്ടൂർ രാമവനം വീട്ടിലായിരുന്നു താമസം. ഇംഗ്ലീഷിൽ മൂന്ന് കവിതാ സമാഹാരങ്ങളും മലയാളത്തിൽ ആറ് കവിതാസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പുറപ്പെട്ടു പോയ വാക്ക്’ എന്ന പേരിൽ ഒരു യാത്രാവിവരണവും ‘ഒരേ ആകാശം, ഒരേ ഭൂമി’, ‘വാക്കും വിത്തും’ എന്നീ ലേഖന സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു.