ജറുസലം: ഇസ്രായേലില്‍ വീണ്ടും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പാര്‍ലമെന്റില്‍ വൻ ഭൂരിപക്ഷത്തിന് നെതന്യാഹു വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ 86% എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120ൽ 65 സീറ്റുകൾ ലഭിച്ചുവെന്നാണ് വിവരം.
തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസം പാർട്ടിയുടെ പിന്തുണയോടെ മാത്രമേ നെതന്യാഹുവിന് ഭരിക്കാനാകൂ. അറബ് വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ളവരാണ് റിലീജിയസ് സയണിസം പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബെൻ–ഗ്വിർ, ബെസാലൽ സ്മോട്രിച് തുടങ്ങിയവർ.
“ഇസ്രായേല്‍ ജനതയില്‍ നിന്ന് വിശ്വാസത്തിന്റെ വോട്ടുകളാണ് ഞങ്ങള്‍ നേടിയത്. മികച്ച വിജയത്തിന്റെ വക്കിലാണ് ഞങ്ങള്‍. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കും. സുസ്ഥിരമായ ഭരണവും സുരക്ഷയുമാണ് ഞാൻ നല്‍കുന്ന ഉറപ്പ്.” നെതന്യാഹു പറഞ്ഞു. പാലസ്തീനെതിരെ നെതന്യാഹു എടുത്ത തീവ്രനിലപാടുകള്‍ അദേഹത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് സര്‍വേ നിരീക്ഷകര്‍ പറയുന്നത്.