Spread the love

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയും, ഗാന്ധിയനും, അഭിഭാഷകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന സംഘടനയുടെ സ്ഥാപകയാണ് ഇളാബെൻ ഭട്ട്. ഗാന്ധിയന്‍ ചിന്തകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഇളാബെന്‍ സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഇളാബെന്‍ ഭട്ട് സ്ത്രീകള്‍ക്ക് വേണ്ടി 1973-ൽ ഇന്ത്യയിലെ ആദ്യത്തെ വനിത ബാങ്കായ സേവ സഹകരണ ബാങ്ക് സ്ഥാപിച്ചു. വിമൻസ് വേൾഡ് ബാങ്കിന്റെ സഹസ്ഥാപക കൂടിയാണ് ഇളാബെന്‍. 1985-ല്‍ പദ്മശ്രീയും 1986-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇളയെ ആദരിച്ചു. തന്റെ നിസ്തുല സേവനത്തിന് ഇളാബെന്‍ ഭട്ട് 1977-ല്‍ മഗ്‌സസെ അവാര്‍ഡിനും 2011-ല്‍ ഗാന്ധി പീസ് പ്രൈസിനും അര്‍ഹയായി.

By newsten