Spread the love

ടെഹ്റാന്‍: ശരിയായി ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സെപ്റ്റംബർ 16ന് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ 22-കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അതിന്‍റെ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സർക്കാർ അടിച്ചമർത്തൽ നടപടികൾ ശക്തമാക്കി. പ്രധാനമായും സ്ത്രീകളാണ് ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ളത്. പ്രതിഷേധത്തെ തുടർന്ന് ആയിരത്തോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ പരസ്യമായി വിചാരണ ചെയ്യാൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

പ്രതിഷേധത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടു. നിരവധി പ്രതിഷേധക്കാരെ പൊലീസും സൈന്യവും വെടിവെച്ചു കൊന്നു. എന്നാൽ, സൈനികരെ കൊല്ലുകയും പൊതുമുതൽ അഗ്നിക്കിരയാക്കുകയും ചെയ്ത പ്രതിഷേധക്കാരെ പരസ്യമായി വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധം ആറാഴ്ച പിന്നിടുമ്പോഴാണ് സർക്കാർ പരസ്യ വിചാരണയുമായി രംഗത്തെത്തിയത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, സർക്കാരിന്റെ നടപടികളാണ് സമരത്തെ ഇത്ര തീവ്രമാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

സ്ത്രീകൾക്ക് വേണ്ടിയുള്ള ഇറാനിലെ കർശനമായ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് മഹ്സ അമിനിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത്. ഇറാനിലെ നിർബന്ധിത ശിരോവസ്ത്രവും ഹിജാബും കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം നടന്നതെങ്കിലും, 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഭരണകക്ഷിയായ ഇസ്ലാമിക പൗരോഹിത്യത്തിനെതിരെയുള്ള ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി ഇത് മാറി.

By newsten